Sunday, August 5, 2012

എരിഞ്ഞൊടുങ്ങും മുമ്പ്‌ ഒരു നിമിഷം!


എരിഞ്ഞൊടുങ്ങും മുമ്പ്‌ ഒരു നിമിഷം!

തിജീവനത്തിന്‍റെ  വഴികളും തേടി നാടും വീടും വിട്ട്‌ മരുഭൂമിയിലേക്ക്‌ ചേക്കേറിയവരാണ്‌ നമ്മള്‍. സാമ്പത്തിക സുസ്ഥിതി കൈവരിച്ച്‌ സ്വന്തം തട്ടകങ്ങളിലേക്ക്‌ തിരിച്ച്‌ പറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനസ്സുമായാണ്‌ ഓരോ പ്രവാസിയും ജീവിക്കുന്നത്‌. അന്യന്‍റെ  ഭൂമിയില്‍ വിയര്‍പ്പ്‌ വീഴ്‌തിയുണ്ടാക്കിയ നാണയത്തുട്ടുകള്‍ സമ്പന്നമയൊരു നല്ല നാളിനെ സമ്മാനിക്കുമെന്ന്‌ നാമോരുത്തരും സ്വപ്നം കാണുന്നുണ്ട്‌. സ്വപ്നങ്ങള്‍ വെറുതെയാവില്ലെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. പക്ഷേ ഒന്നാലോചിച്ചു നോക്കൂ. നാം സാമ്പത്തികമായിസുരക്ഷിതരാണോ? സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ  മുന്‍കരുതലുകള്‍ നാംസ്വീകരിച്ചിട്ടുണ്ടോ? നമ്മുടെ ചുറ്റുപാടുകള്‍ ചൂഷണമുക്തമാണോ? ആര്‍ത്തിയുടെവലയെറിഞ്ഞ്‌ ഇരയെകാത്തിരിക്കുന്ന കഴുകന്‍ കണ്ണുകള്‍ നമുക്ക്‌ ചുറ്റും വട്ടമിട്ട്‌ പറക്കുന്നില്ലേ? തട്ടിപ്പിന്‍റെ  ഒരു നൂറുകോലങ്ങള്‍ ടൈയും കോട്ടുമിട്ട്‌ നമ്മുടെ വാതിലില്‍ മുട്ടി വിളിച്ചു കൊണ്ടേയിരിക്കുന്നു. വഞ്ചനയുടെ ചങ്ങലക്കണ്ണികളില്‍ നാമും നമ്മുടെ നാടും വരിചേര്‍ന്ന്‌ കൊണ്ടേയിരിക്കുന്നു. പൊട്ടിപ്പൊളിയുന്ന വെട്ടിപ്പ്‌ കമ്പനികളുടെ വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ അനുദിനം പത്ര കോളങ്ങള്‍ നിറഞ്ഞ്‌ കവിയുന്നു.



കുടുംബത്തിന്‍റെ  കണ്ണീരു കാണാനാവാതെ നിസ്സഹായനായി കടം വാങ്ങി പതിനായിരമോഇരുപതിനായിരമോ നാട്ടിലേക്കയക്കേണ്ടിവരുന്ന പ്രവാസിയും ചെന്ന്‌ കുടുങ്ങുന്നത്‌ വട്ടിപ്പലിശക്കാരന്‍റെ  കൂര്‍ത്ത ചൂണ്ടയിലാണ്‌. നമ്മുടെനാട്ടിലുണ്ടാവുന്ന കൂട്ട ആത്മഹത്യകളുടെ നാരായവേര്‌പലിശക്കടക്കെണിയാണെന്നതില്‍ രണ്ട്‌ പക്ഷമില്ല. ലാഭം മാത്രം ലക്ഷ്യം വെച്ച്‌ പലിശക്ക്‌ കടം കൊടുക്കുന്ന മുതലാളിക്കോ ബാങ്കുടമക്കോ കടം വാങ്ങുന്നവന്‍റെ  നരകയാതനകളെക്കുറിച്ച്‌ ആലോചിക്കേണ്ടതില്ല. വാങ്ങിയവന്‍ ആശുപത്രിക്കിടക്കയില്‍ തുലഞ്ഞ്‌ തീര്‍ന്നാലും അവന്‍റെ കച്ചവടം നഷ്ടം കയറി മുടിഞ്ഞ്‌ പോയാലും കടം കൊടുത്തവന്‌ നേടാനുള്ളത്‌ ഇരട്ടിക്കിരട്ടി 'ലാഭം' മാത്രം. ധാര്‍മികതയോ സഹാനുഭൂതിയോ യാഥാര്‍ത്ഥ്യബോധമോ തൊട്ടുതീണ്ടാത്ത ഈ കൊള്ളലാഭം പലിശയുടെ മാത്രം സവിശേഷതയാണ്‌. നഷ്ടഭീതി ഒട്ടുമില്ലാത്ത ലാഭം മാത്രം നേടുന്ന ഈ ഏര്‍പ്പാട്‌ ഒരു വിഭാഗത്തിന്‌ തീര്‍ത്തും സുരക്ഷിതമായിരിക്കാം. പക്ഷെ ഇതിന്‌ പിന്നിലുള്ള മനസ്സാകട്ടെ അങ്ങേയറ്റം മലീമസവും അധാര്‍മികവും അനീതിപരവുമാണ്‌. അത്കൊണ്ട്‌ തന്നെയാണ്‌ മതങ്ങളുംസനാധനധര്‍മ്മങ്ങളും പലിശയെ തള്ളിപ്പറഞ്ഞത്‌. മഹാനായ യേശു പലിശക്കാരെ കണക്കിന്‌ ശാസിച്ചിട്ടുണ്ട്‌. പ്രവാചകന്‍ മുഹമ്മദാകട്ടെ പലിശ വാങ്ങുന്നതിനെ മാതാവിനെ വ്യഭിചരിക്കുന്നത്‌ പോലെ നിന്ദ്യമാണെന്നാണ്‌ പഠിപ്പിച്ചത്‌. സമൂഹത്തില്‍ മാനുഷിക മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കാനഗ്രഹിക്കുന്നഒരാള്‍ക്കും പലിശ വ്യവസ്ഥയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല തന്നെ.



ഐ. എം. എഫും ലോക ബാങ്കും കരാറുകള്‍ക്ക്‌ മേല്‍ കരാറുകള്‍ ഉണ്ടാക്കി ഇന്ത്യഅടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ വരുമാനമൂറ്റിക്കുടിച്ച്‌ വീര്‍ത്തഅമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ തകര്‍ച്ചയിലേക്കു കൂപ്പു കുത്തുന്നതാണ്‌ നാംകാണുന്നത്‌. എന്നാല്‍ ഉണര്‍ന്നു കുതിക്കുന്ന പല സമ്പദ്‌ ഘടനകളിലും പലിശനിരക്ക്‌ കുറഞ്ഞു വരികയും തീര്‍ത്തും ഉപേക്ഷിക്കപെടുകയും ചെയ്യുന്നതുംകൌതുകകരമായ കാഴ്ചയാണ്‌.

ലോകത്തുടനീളം പലിശ രഹിത ബാങ്കിങ്ങിനെക്കുറിച്ചും സാമ്പത്തികസംവിധാനങ്ങളെകുറിച്ചൂമുള്ള ചര്‍ച്ചകള്‍ സജീവമായ സന്ദര്‍ഭമാണിത്‌.കേരളത്തിലെ അല്‍-ബറക അടക്കം ഇന്ത്യയിലും ഇത്തരം നീക്കങ്ങള്‍ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. ലാഭ നഷ്ടത്തില്‍ പങ്കാളിത്തം വഹിക്കുകയും ഉല്‍പാദന മൂലധന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നപലിശരഹിത പദ്ധതികള്‍ കേവലം സാമ്പത്തിക അഭിവ്യദ്ധി മാത്രമല്ല ലക്ഷ്യം വെക്കുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ധാര്‍മിക മൂല്യങ്ങള്‍കരുപ്പിടിപ്പിക്കാനും ഇവക്ക്‌ സാദ്ധ്യമാവുന്നുണ്ട്‌. അഞ്ചോ പത്തോ പേര്‍ ചേര്‍ന്നു പലയിടത്തും രൂപപ്പെടൂത്തിയ പലിശ രഹിത നിധികള്‍ തന്നെഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.



സമ്പത്ത്‌ ഏതു കുടില തന്ത്രങ്ങളിലൂടെയും സ്വന്തമാക്കാനും സ്വന്തമാക്കിയത്‌ തോന്നിയ രീതിയില്‍ ചിലവഴിക്കാനും മനുഷ്യനു അധികാരമുണ്ടെന്ന ധാരണയാണ്‌ സകല സാമ്പത്തിക ചൂഷണങ്ങളുടെയും അടിസ്ഥാനം. പരമാവധി ഒരായുസ്സ്‌ മാത്രം നീണ്ടു നില്‍ക്കുന്ന അധികാരം മാത്രമെ ശൂന്യ ഹസ്തങ്ങളുമായി പിറന്നു വീഴുന്ന മനുഷ്യനു സമ്പത്തിന്‍റെ  കാര്യത്തിലുള്ളൂ എന്നതാണ്‌ വസ്തുത.



ആര്‍ത്തിയും ധൂര്‍ത്തും നമ്മുടെ സാമ്പത്തിക പ്ളാനിങ്ങുകളെഅട്ടിമറിക്കുകയാണിന്ന്‌. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ നാം ആംവേ മുതല്‍ആര്‍. എം. പി. വരെയുള്ള വലക്കണ്ണികളില്‍ ചെന്നു ചാടൂന്നു. ആപ്പിള്‍ എ ഡേമുതല്‍ അത്ഭുത മോതിരം വരെയുള്ള തട്ടിപ്പു പദ്ധതികള്‍ക്ക്‌ തല വെച്ച്‌കൊടുക്കുന്നു. ഒടുവില്‍ എല്ലാം തുലഞ്ഞു നാണക്കേടു മാത്രം ബാക്കിയാവുന്നു.വെട്ടിപ്പിന്‍റെ  ഈ എപ്പിസോഡുകള്‍ പതിവായി ആവര്‍ത്തിച്ചിട്ടും നാംമാറിചിന്തിക്കാത്തതെന്ത്‌? ധൂര്‍ത്തില്‍ മുങ്ങിയ ജീവിത ശൈലിയാണ്‌ നമ്മുടെനാട്ടിന്‍റെ  വിശിഷ്യാ പ്രവാസ ജീവിതത്തിന്‍റെ  മറ്റൊരു ശാപം. മരുഭൂമിയില്‍ഉലച്ച ഒരായുസ്സിന്‍റെ യും വിയര്‍പ്പിന്‍റെ യും വിലയായി ഞെളിഞ്ഞു നില്‍ക്കുന്ന ഒരു 'കൊട്ടാരം' നാട്ടിലുണ്ടായിട്ട്‌ എന്തു പ്രയോജനം? ജോലി പോയാല്‍ വീട്‌ അന്നം തരുമോ? നാട്ടുകാരുടെ അസൂയ വെറുതേ കിട്ടുമെന്നല്ലാതെആള്‍പെരുമാറ്റമില്ല്ളാത്ത ഈ ഭാര്‍ഗവീ നിലയങ്ങള്‍ കൊണ്ട്‌ ആര്‍ക്കെന്തുകാര്യം? നമ്മള്‍ മറന്നു പോകുന്ന ഒരു സത്യമുണ്ട്‌. പ്രവാസ ജീവിതം - ജീവിതംതന്നെയും ശാശ്വതമല്ല; സുരക്ഷിതവും. ചില സാമ്പത്തിക പരിധികള്‍ നാം പാലിച്ചേ മതിയാവൂ. 'ആടു ജീവിതം' നയിച്ച്‌ സമ്പാദിച്ച്‌, മാടു ജീവിതം നയിച്ച്‌തുലച്ച്‌ കൂടാ. സുഹൃത്തേ, ചോദിക്കട്ടെ. സാമ്പത്തിക അരാജകത്വത്തിന്‍റെ ഈ പടുകുഴിയിലേക്കുള്ള സമൂഹത്തിന്‍റെ   പ്രയാണം തടയാന്‍ എന്തെങ്കിലും ചെയ്യാനുള്ള ബാധ്യത നമുക്കില്ലേ?

നമ്മളെടുക്കുന്ന ചെറിയ തീരുമാനങ്ങള്‍ പോലും ചിലപ്പോള്‍ വലിയമാറ്റങ്ങള്‍ക്ക്‌ കാരണമാകാം. പലിശ കൊടും പാപവും പാതകവും ആണെന്നുതിരിച്ചറിവ്‌ നമുക്കുണ്ടെങ്കില്‍ അതിനെതിരെ നാം കൈ കോര്‍ത്തേ തീരൂ. നമ്മുടെ ജാഗ്രത ഒരു പക്ഷേ ഒരു നാടിനെ തന്നെ രക്ഷപ്പെടുത്തിയേക്കാം;അല്ലെങ്കില്‍ നമ്മളെത്തന്നെയെങ്കിലും. നന്‍മക്ക്‌ വേണ്ടിയുള്ള ഈ ചുവടുവെപ്പില്‍ താങ്കളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്ന്‌ ഞങ്ങള്‍ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
കടപ്പാട് : Qatar islamic Association

No comments:

Post a Comment