Tuesday, March 29, 2016

യാന്‍ബു.

അല്‍ കോബാറില്‍ (സൌദി അറേബ്യ) നിന്നും യാന്ബുവിലേക്ക് ജോലി സംബന്ധമായി  വരുമ്പോള്‍ പല രീതിയില്‍ യാന്‍ബുവിനെ കുറിച്ച് കേട്ടു. നല്ല കാലാവസ്ഥ, തെങ്ങുള്ള  സ്ഥലം, പിന്നെ  ഓണം  കേറാ മൂല.


ജിദ്ദക്കും, മദീനക്കും, സമീപത്തായി ചെങ്കടലിന്റെ  സമീപത്തുള്ള ഈ പ്രദേശം തികച്ചും ഒരു തുരുത്ത് തന്നെയാണ്. സൌദിയിലെ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലം കൂടിയാണ്.  വര്‍ഷങ്ങളുടെ ചരിത്രം  ഉറങ്ങി കിടക്കുന്ന യാന്‍ബു. പുരാതന കാലം മുതല്‍ക്കേ  അറബി വ്യാപാരികളുടെ ഒരു ഇടത്താവളമാണ്. ബ്രിട്ടീഷ്-അറബ് സഖ്യ സേനകള്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ പൊരുതാന്‍ ഓപറേഷണല്‍ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു എന്നും അറിയാന്‍  കഴിഞ്ഞു. പ്രശസ്തനായ ബ്രിടീഷ് കാരന്‍ ലോറന്‍സ് താമസിച്ചിരുന വീടും (കൊട്ടാരം) ഇവിടെ കാണാം.


ഒരു യാത്രക്കിടയില്‍ അപ്രതീക്ഷിതമായി കണ്ട, (നമ്മുടെ  ഭാഗ്യം എന്ന്  തന്നെ പറയാം) ഒരു  ചരിത്ര ഗവേഷകന്‍ നബീല്‍ അല്‍  അഹ്സരി ഞങ്ങള്‍ക്ക്  ഇവിടത്തെ ഉള്ളിലുള്ള ചരിത്ര പ്രദേശം കാണിച്ചു  തരികയും വിവരിക്കുകയും ചെയ്തു.

1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിന്‍റെയും പെട്രോ കെമിക്കല്‍ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്‌ട്ര കയറ്റുമതിയില്‍ ദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതല്‍ സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ 'റോയല്‍ കമ്മീഷന്‍' ഈ കുതിപ്പിന് ഊജ്ജം പകരുന്നു. വ്യാവസായിക നഗരങ്ങളായ ജുബൈല്‍, യാമ്പു എന്നിവിടങ്ങളില്‍ മാത്രമാണ് ഈ ഭരണ വിഭാഗം പ്രവര്‍ത്തിക്കുന്നത്. 

റോയല്‍ കമ്മീഷന്‍ ഏരിയ കാണുമ്പോള്‍ സൌദി അറേബിയ എന്ന്  ഒരിക്കലും തോന്നില്ല..അത്രയ്ക്ക് മനോഹരവും, വൃത്തിയുമാണ്. ഭംഗിയുള്ള പാര്‍ക്കുകള്‍, എങ്ങും പച്ചപ്പും, റോഡിനു  ഇരുവശവും പൂക്കള്‍ കൊണ്ട്  നിറച്ചും, മനോഹരമായി തെങ്ങ് വെച്ച് പിടിപ്പിച്ചും, വേപ്പ് മരങ്ങള്‍, നമ്മുടെ നാട്ടിലെ മുരിങ്ങ, മാവ്, തെറ്റി, അങ്ങനെ പലവിധ മരങ്ങളും, ചെടികളും കൊണ്ട് യാന്ബുവിനെ  ഒരു  സുന്ദരി ആക്കിയിരിക്കുന്നു.. ഇതിന്റെ  സംരക്ഷണത്തിന്  തന്നെ  നല്ല ഒരു  തുക മാസം തോറും ചെലവാക്കുന്നു.



എങ്ങും വൃത്തിയുള്ള  ബീച്ചുകളാണ്  മറ്റൊരു  പ്രത്യേകത. നീന്താനും ഡൈവിംഗിനും ബോട്ടിങ്ങിനും, സൌകര്യമുള്ള റിസോര്‍ട്ടുകള്‍ വേറെയുണ്ട്. സമരം ചെയ്യാന്‍ ആളില്ലാത്തത്  കാരണം എല്ലാവിധ പുരോഗമന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.



ചെങ്കടല്‍ ആയതു  കൊണ്ട്  തന്നെ ഇവിടത്തെ മത്സ്യങ്ങള്‍  വിവിധ വര്‍ണങ്ങളാണ്.  ചിലപ്പോ ദൈവം കടലില്‍  നിറം കൊണ്ട്  ചിത്രം  വരക്കുന്നുണ്ടാകും. അത്രയ്ക്ക് ഭംഗിയുണ്ട് കടലില്‍ നിന്നും  പിടിക്കുന്ന മത്സ്യങ്ങള്‍ക്ക്.


യാന്‍ബു ലേക്ക് പ്രത്യേകം  എടുത്തു പറയേണ്ട ഒന്ന്  തന്നെയാണ്. നദിയില്ലാത്ത യാന്ബുവില്‍ മനുഷ്യ കരങ്ങളാല്‍ നിര്‍മ്മിതമായ ഒരു ചെറിയ നദിയും, അതിനോട്  ചേര്‍ന്നുള്ള  ഉദ്യാനവും, കുടുംബങ്ങള്‍ക്ക് വളരെ ആശ്വാസമാണ്. പ്രത്യേകിച്ചും ഗവന്മേന്റ്റ് നമ്മുടെ കുടുംബങ്ങള്‍ക്ക്  നല്‍കുന്ന സുരക്ഷിതത്വം അത് ഏറ്റവും മഹത്വം നല്‍കുന്നതാണ്.



വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പുഷ്പോത്സവം ഗിന്നസ് ബുക്കില്‍ ചേര്‍ക്കപ്പെട്ടു  കഴിഞ്ഞു. അതിനെ കുറിച്ച്  വിവരിക്കാന്‍  വാക്കുകകളില്ല. നമ്മുടെ നാട്ടില്‍ കുറച്ചു  പൂ  ചെടി കൊണ്ട്  വെച്ച് മുപ്പതു  രൂപ  ടിക്കറ്റ്  വാങ്ങി  കാണിക്കുമ്പോള്‍ ഇവിടത്തെ ഗവന്മേന്റ്റ്  ജനങ്ങള്‍ക്ക്‌  വേണ്ടി  ചെയ്യുന്ന കാര്യങ്ങളെ  ഓര്‍ത്തു  അസൂയപ്പെട്ടു പോകും. പ്രവേശനം സൌജന്യമാക്കി, മണിക്കൂറുകള്‍ കണ്ടാലും മതി വരാത്തത്ര ഈ ഉത്സവം അറെബിയയുടെ പല ഭാഗങ്ങളില്‍  നിന്നും സഞ്ചാരികളെ ഇവിടേയ്ക്ക്  ആകര്‍ഷിക്കുന്നു..










ഇവിടെ  നിന്നും അടുത്ത് പോകാന്‍ കഴിയുന്ന സ്ഥലങ്ങളാണ് മദീന, അല്‍ ബദര്‍, യാന്‍ബു അല്‍ നഖീല്‍, ഉംലജ്. ഇതിനെ കുറിച്ചുള്ള  വിവരണം പിന്നെയാകാം